ആലപ്പുഴ: ക്ലാസ് മുറികളുടെ ബലക്ഷയം ചൂണ്ടിക്കാട്ടി സ്കൂളിന്റെ അംഗീകാരം വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയതോടെ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിലെ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ. ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർഥികൾക്കാണ് നിലവിൽ പഠനം തുടരാൻ മാർഗമില്ലാത്ത സ്ഥിതിയുള്ളത്.
സ്കൂൾ മാനേജ്മെന്റ് ബദൽ പഠനസൗകര്യം ഒരുക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. നൂറ് വർഷത്തെ പൈതൃകമുള്ള സ്കൂളാണിത്. കറ്റാനത്തെ ഓർത്തഡോക്സ് വലിയ പള്ളിയുടെ കീഴിലുള്ള മാനേജ്മെന്റാണ് കഴിഞ്ഞ 15 വർഷമായി സ്കൂൾ നടത്തുന്നത്.
ഈ അധ്യയന വർഷം ആരംഭിച്ചതിന് പിന്നാലെയാണ് ക്ലാസ് മുറികളുടെ ബലക്ഷയം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കിയത്. തുടർന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള താൽക്കാലിക കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റി.
എന്നാൽ ഇവിടെ നിലവിൽ രണ്ടാം ക്ലാസും നാലാം ക്ലാസും മാത്രമാണ് പ്രവർത്തിക്കുന്നത്. ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർഥികൾ മറ്റ് സ്കൂളുകളിലേക്ക് മാറണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ഇവർക്കായി നിലവിൽ പഠനത്തിന് ബദൽ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നതെന്നും ഇവരെ പെട്ടെന്ന് മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാൻ അടിയന്തരമായി ബദൽ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.




