ഹൈദരാബാദ്: നഴ്സിങ് വിദ്യാർഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണി (18) ആണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ശക്തമാക്കി.
അവധി ആയതിനാൽ ഏതാനും ദിവസം മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഹരിണിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു.
കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഹരിണിയെ വീട്ടിനുള്ളിൽ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തെ കുളിമുറിക്ക് സമീപം മകളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ചില അയൽവാസികൾക്കെതിരെ രാജേശ്വരി പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നാലെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകക്കുറ്റം കൂടി ചുമത്തി അന്വേഷണം ശക്തമാക്കിയത്.
കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ഒളിവിലാണെന്നാണ് പൊലീസിന്റെ വിവരം. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.




