കൊല്ലം: ഭർത്താവുമായി പിണങ്ങി മറ്റൊരാൾക്കൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇടമൺ സ്വദേശി മനോജിനെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റ അശ്വതി (36)യെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുമാസമായി ഭർത്താവുമായി പിണങ്ങി അശ്വതി അഞ്ചലിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്ലീനിങ് സ്റ്റാഫാണ് അശ്വതി.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ജോലിക്ക് പോകുന്നതിനിടെ സ്കൂളിന് സമീപത്ത് വെച്ച് മനോജ് അശ്വതിയെ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അശ്വതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം തുടരുകയാണ്.


