കണ്ണൂർ: പെരിങ്ങത്തൂരിൽ 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ. ഇതിന്റെ ആദ്യ യോഗം ഇന്ന് വൈകിട്ട് ചേരും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാശിക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് ശിവസൂര്യ വീട്ടിൽ നിന്ന് പോയത്. കുട്ടിയെ കാണാതായിട്ട് ഇന്ന് 45 ദിവസം പിന്നിട്ടു.
ശിവസൂര്യയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെ കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ശിവസൂര്യയുടെ ചിത്രം ഒരു സിസിടിവി ക്യാമറയിലും കണ്ടെത്താൻ കഴിയാത്തതാണ് പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണത്തിൽ പ്രധാന വെല്ലുവിളിയായത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവുമായാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്.













