ചെന്നൈ: തമിഴ്നാട്ടിൽ മലയാളി വിദ്യാർഥികൾക്ക് മലയാളികളായ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. ചെങ്കൽപ്പെട്ട് ശ്രീ സത്യസായി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർഥികളാണ് മർദനത്തിനിരയായത്.
അടിവസ്ത്രത്തിൽ നിർത്തി ക്രൂരമായി മർദിച്ചെന്നാണ് കരുനാഗപ്പള്ളി സ്വദേശി അലി അഷ്കർ നൽകിയ പരാതി. ചവറ സ്വദേശി അർജുനും മർദനമേറ്റതായി വിദ്യാർഥികൾ പറഞ്ഞു. താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കാരണമില്ലാതെ മർദിക്കുകയായിരുന്നെന്നാണ് പരാതി.
സംഭവത്തിൽ കരുനാഗപ്പള്ളി, ചവറ പൊലീസ് സ്റ്റേഷനുകളിൽ വിദ്യാർഥികൾ പരാതി നൽകി. കൂടുതൽ വിദ്യാർഥികൾക്കും മർദനമേറ്റിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.














