തിരുവനന്തപുരം: പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ–കൊല്ലം–ചെന്നൈ എഗ്മോർ റൂട്ടിലാണ് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് സർവീസ് നടത്തുക.
ചെന്നൈ എഗ്മോർ–കൊല്ലം സ്പെഷ്യൽ എക്സ്പ്രസ് (06117) ഒക്ടോബർ 1 മുതൽ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി 11.40ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 4.20ന് കൊല്ലത്ത് എത്തും.
കൊല്ലം– ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ് (06118) ഒക്ടോബർ 2 മുതൽ 30 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ചെന്നൈ എഗ്മോറിൽ എത്തിച്ചേരും.
ഒരു എസി ഫസ്റ്റ് ക്ലാസ് കം എസി ടു ടയർ, രണ്ട് എസി ടു ടയർ, നാല് എസി ത്രീ ടയർ, 13 സ്ലീപ്പർ ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ ഉൾപ്പെടുന്നതാണ് ട്രെയിൻ. കേരളത്തിൽ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുണ്ടാകും.












