ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. ശനിയാഴ്ച ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ ഉണ്ടായ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ ദരാസിന്ദ മേഖലയിലെ അമൻ മേളയ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ദരാസിന്ദ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പക്തൂൺഖ്വ പ്രവിശ്യ ഏറെക്കാലമായി സംഘർഷഭരിതമാണ്. പ്രദേശത്ത് പൊലീസ്, സുരക്ഷാ സേന എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പതിവാണ്.
ഇതിന് പിന്നാലെ അടുത്തിടെ ഖൈബർ പക്തൂൺഖ്വയിലെ കോഹത് ജില്ലയിലും വലിയ ആക്രമണം നടന്നിരുന്നു. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ പള്ളിയിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ പൊലീസുകാരും ഉൾപ്പെട്ടിരുന്നു.
പാകിസ്ഥാനി താലിബാൻ എന്നറിയപ്പെടുന്ന ടിടിപി പാകിസ്ഥാനിൽ വർഷങ്ങളായി സുരക്ഷാ സേനയെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്ന സായുധ സംഘടനയാണ്. ടിടിപിക്ക് അഫ്ഗാനിസ്ഥാനിൽനിന്ന് പിന്തുണ ലഭിക്കുന്നുവെന്ന് പാകിസ്ഥാൻ ആരോപിക്കുന്നുണ്ടെങ്കിലും അഫ്ഗാൻ ഭരണകൂടം ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അടുത്തകാലത്തായി രൂക്ഷമായിരിക്കുകയാണ്.














