മസ്കറ്റ്: ഒമാനിൽ കടയിലെ ജീവനക്കാർക്ക് നേരെ പ്രവാസി പണം എറിഞ്ഞുനൽകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ റോയൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോകളിൽ പുരുഷ ജീവനക്കാരനും വനിതാ ജീവനക്കാരിക്കും നേരെ ഒരാൾ പണം എറിയുന്നത് കാണാം. എന്നാൽ രണ്ടാമത്തെ വീഡിയോ ബോധവൽക്കരണത്തിനായി ചിത്രീകരിച്ച രംഗമാണെന്ന് അതിൽ അഭിനയിച്ചവർ പൊലീസിന് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു.
അതേസമയം, ഇത്തരം സംഭവങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിന് മുമ്പ് ഒമാനി റിയാൽ നോട്ടുകൾ ടാപ്പിന് താഴെവെച്ച് കഴുകുന്ന വീഡിയോ പങ്കുവെച്ച ഏഷ്യൻ യുവതിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ദേശീയ കറൻസിയെ അനാദരിക്കുന്നതും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതും നിയമലംഘനമാണെന്ന് പൊലീസ് അറിയിച്ചു. വീഡിയോകളിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.




