മനാങ്: നേപ്പാളിലെ ഹിംലംഗ് ഹിമാൽ കൊടുമുടിയുടെ ബേസ് ക്യാമ്പിലുണ്ടായ കനത്ത ഹിമപാതത്തിൽ 10 പേരെ കാണാതായി. പർവതാരോഹകരും അവർക്കൊപ്പമുണ്ടായിരുന്ന ഗൈഡുകളും മറ്റ് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടതെന്ന് ഹിമാലയൻ എക്സ്പെഡിഷൻ സംഘാടകർ അറിയിച്ചു.
7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാലിൽ ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനിടെയാണ് അപകടം. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും പ്രദേശത്ത് നിന്ന് പിന്മാറിയിരുന്നു. എന്നാൽ ചിലർ ബേസ് ക്യാമ്പിൽ തുടരുകയായിരുന്നു.
ഇവർ താമസിച്ചിരുന്ന ടെന്റുകൾക്ക് മുകളിലേക്കാണ് കൂറ്റൻ മഞ്ഞുപാളികൾ ഇടിഞ്ഞുവീണത്. ഇതോടെയാണ് പത്ത് പേരെ കാണാതായത്.
മോശം കാലാവസ്ഥയും തുടർച്ചയായ മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ഹെലികോപ്റ്ററുകൾക്ക് പ്രദേശത്ത് സുരക്ഷിതമായി ഇറങ്ങാനോ തിരച്ചിൽ ശക്തമാക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നേപ്പാൾ ടൂറിസം വകുപ്പും ദുരന്തനിവാരണ സേനയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് തിരച്ചിൽ തുടരാനുള്ള ശ്രമത്തിലാണ് അധികൃതർ.
തുടർച്ചയായ മഴയും മഞ്ഞുവീഴ്ചയും കാരണം നേപ്പാളിലെ ഹിമാലയൻ മേഖലകളിൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു. സാഹസിക വിനോദസഞ്ചാരികളും പർവതാരോഹകരും താൽക്കാലികമായി യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിരുന്നു.




