ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നതാണ് സർജിക്കൽ സ്ട്രൈക്ക് മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള നടപടികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൻ കി ബാത്തി’ലാണ് മോദി ഇക്കാര്യം പറഞ്ഞത്. 2016ലെ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
രാജ്യത്തെ സെൻസസ് നടപടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ജില്ല ഒരു ഉൽപന്നം’ പദ്ധതിയിലൂടെ വിവിധ സംസ്ഥാനങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ മുന്നേറുന്ന സംരംഭങ്ങളെക്കുറിച്ചും മോദി സംസാരിച്ചു.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി പരാമർശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമാണെന്നും അദ്ദേഹം പറഞ്ഞു.




