റിയാദ്: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് വധശിക്ഷയ്ക്ക് വിധേയനായത്. ദമ്മാമിലെ ജയിൽ വളപ്പിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമാനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലെത്തിയ അബൂട്ടിയുടെ ലാൻഡ് ക്രൂയിസർ കാറിൽ നിന്ന് 43 കിലോഗ്രാം മാരക ലഹരിമരുന്ന് സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു.
മറ്റൊരാൾ പാഴ്സൽ എന്ന പേരിൽ കൈമാറിയ സാധനങ്ങളാണ് കാറിലുണ്ടായിരുന്നതെന്നും അതിൽ മയക്കുമരുന്ന് ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നുമായിരുന്നു വിചാരണയ്ക്കിടെ അബൂട്ടിയുടെ വാദം. എന്നാൽ കേസിൽ ഇയാൾക്കെതിരായ തെളിവുകൾ ശക്തമായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് സൗദി കോടതി വധശിക്ഷ വിധിച്ചു.
വിധിക്കെതിരെ അബൂട്ടി നൽകിയ ഉന്നതതല അപ്പീലുകളും ഹർജികളും നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.




