തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മറ്റന്നാൾ ഫലം പ്രഖ്യാപിക്കും.
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായതെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും മുന്നണികളുടെ രാഷ്ട്രീയ നിലപാടുകളും പ്രചാരണത്തിൽ ഇടംപിടിച്ചു.
നിലവിലെ കണക്കനുസരിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 38 വാർഡുകളിൽ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എൽഡിഎഫിന്റെയും സിറ്റിങ് വാർഡുകളാണ്. ട്വന്റി20 അംഗം രാജിവച്ചതിനെ തുടർന്ന് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലെ വാർഡിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ജനപ്രതിനിധികൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന എട്ട് തദ്ദേശ വാർഡുകളിലും ഉപതെരഞ്ഞെടുപ്പുണ്ട്. ഇതിൽ ഏഴ് സീറ്റുകൾ നിലവിൽ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്.
സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. വൈദ്യുതി പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് രംഗത്തെത്തിയത്. പല വാർഡുകളിലും ബിജെപിയും മത്സരരംഗത്ത് സജീവമാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികൾക്കും രാഷ്ട്രീയമായി ശ്രദ്ധേയമാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക ജനവിധിക്കൊപ്പം മുന്നണികളുടെ നിലവിലെ സ്വാധീനവും ഫലം വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.


