തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനിൽ 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ശ്രീകാര്യം, തുമ്പ സ്വദേശികളായ അനന്തു കൃഷ്ണൻ (31), തോമസ് ടെറി (29) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. കാറിന്റെ പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണ് അനന്തു കൃഷ്ണൻ. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് തുമ്പ സ്വദേശിയാണ് തോമസ് ടെറി. തമിഴ്നാട്ടിൽ നിന്ന് കാറിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരെന്നും പൊലീസ് അറിയിച്ചു.
രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവർ സഞ്ചരിച്ച കാർ പിന്തുടരുകയായിരുന്നു. കോവളത്ത് വെച്ച് പൊലീസ് കാർ തടഞ്ഞപ്പോൾ നിർത്തിയെങ്കിലും പിന്നീട് വാഹനം പിന്നോട്ടെടുത്ത് പൊലീസ് വാഹനത്തിലും ഡാൻസാഫിന്റെ സ്വകാര്യ വാഹനത്തിലും ഇടിച്ചശേഷം നിർത്താതെ കടന്നുകളയാൻ ശ്രമിച്ചു.
തുടർന്ന് പിന്തുടർന്ന പൊലീസ് സംഘം സാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


