ലഖ്‌നൗ: ചീറിപ്പായുന്ന വാഹനങ്ങൾക്ക് പകരം മീൻപിടിക്കാനുള്ള വലകളുമായി ഗംഗാ എക്‌സ്പ്രസ്‌വേയിൽ പ്രദേശവാസികൾ. ഉത്തർപ്രദേശിലെ ഉന്നാവോയിലെ എക്‌സ്പ്രസ്‌വേ ഇന്റർചേഞ്ചിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.
കനത്ത മഴയ്ക്ക് പിന്നാലെ എക്‌സ്പ്രസ്‌വേയുടെ ഇന്റർചേഞ്ചിലും പരിസരത്തും വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതോടെയാണ് വെള്ളക്കെട്ടിൽ മീൻപിടിക്കാൻ പ്രദേശവാസികൾ വലയും ചൂണ്ടയുമായി എത്തിയത്. ടോൾ ഗേറ്റിന് സമീപത്തും വ്യാവസായിക ഇടനാഴിയിലേക്ക് പോകുന്ന സർവീസ് റോഡുകളിലും വെള്ളത്തിലൂടെ ആളുകൾ വലയുമായി നീങ്ങുന്നതിന്റെയും മീൻപിടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മീമുകൾക്കും രാഷ്ട്രീയവിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളായി ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇതിനെ തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മീററ്റ് മുതൽ പ്രയാഗ്‌രാജ് വരെയാണ് ഗംഗാ എക്‌സ്പ്രസ്‌വേ. 36,000 കോടിയിലേറെ രൂപ ചെലവഴിച്ചാണ് പാത നിർമിച്ചത്.
അതേസമയം, നഗരങ്ങളിലെ വെള്ളക്കെട്ടിന് കാരണം കനത്ത മഴ മാത്രമല്ലെന്നും ഡ്രെയിനേജ് സംവിധാനങ്ങളുടെ പരാജയമാണെന്നും ആരോപിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സർക്കാരിനെ വിമർശിച്ചിരുന്നു.












