കൊച്ചി: എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 65 വയസ്സുള്ള പി.വി. കുര്യാക്കോസാണ് ഭാര്യ കുഞ്ഞമ്മയെ (61) കുത്തിക്കൊലപ്പെടുത്തിയത്. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വീട്ടിനുള്ളിൽ കുഞ്ഞമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള മകനെ വിവരം അറിയിച്ചതും കുര്യാക്കോസ് തന്നെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശസ്ത്രക്രിയയ്ക്ക് ശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




