കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ അറഫാ ഗോൾഡ് ഉടമ അബ്ദുൾ ലത്തീഫിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ബുധനാഴ്ച രാവിലെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം അബ്ദുൾ ലത്തീഫുമായി ബന്ധപ്പെട്ട മൂന്ന് ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.
യൂക്കോ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ബാങ്കിന്റെ പരാതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
കൊല്ലത്തും തിരുവനന്തപുരത്തുമുള്ള അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപനങ്ങളിലുൾപ്പെടെ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലഭിച്ച വിവരങ്ങളും രേഖകളും മുൻനിർത്തിയാകും അബ്ദുൾ ലത്തീഫിനെ ചോദ്യം ചെയ്യുക.




