കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിന് പിന്നാലെ യൂട്യൂബർ അശ്വന്ത് കോക്കിന്റെ കാറിൽ നിന്ന് എയർഗൺ കണ്ടെത്തി. എയർഗണ്ണും പെല്ലറ്റുകളും ഉൾപ്പെടെയാണ് പൊലീസ് കണ്ടെത്തിയത്. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ ദിവസം അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസ്.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അശ്വന്ത് കോക്കിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്താണ് അപകടമുണ്ടായത്. അശ്വന്ത് ഓടിച്ചിരുന്ന ഥാർ ജീപ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാർ ഇടിച്ചു.
അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ അശ്വന്ത് കോക്ക് പോയെന്നാണ് പരാതി. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ പിന്നീട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
എയർഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തിയ സാഹചര്യത്തിൽ പൊലീസ് കൂടുതൽ പരിശോധന നടത്തിവരികയാണ്.




