തിരുവനന്തപുരം: വർക്കലയിൽ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമർദ്ദനമേറ്റതായി പരാതി. ശിവഗിരി തൊടുവേയിൽ 25കാരനായ രാഹുലിനാണ് മർദ്ദനമേറ്റത്.
പിതാവിനൊപ്പം മീൻപിടിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയവർ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് പിതാവും ബൈക്ക് യാത്രികരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു.
ഇതിനിടെ രണ്ടംഗ സംഘം രാഹുലിനെ മർദ്ദിച്ചെന്നാണ് പരാതി. തുടർന്ന് സംഘം വിളിച്ചുവരുത്തിയ മറ്റൊരു യുവാവ് രാഹുലിന്റെ കാലിലേക്ക് ബൈക്ക് ഇടിച്ചുകയറ്റിയെന്നും പരാതിയിലുണ്ട്.
സംഘത്തിലൊരാൾ രാഹുലിനെ വടികൊണ്ട് തലയ്ക്കടിച്ചെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ രാഹുൽ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ രാഹുലിന്റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




