ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളാണ് കൊല്ലപ്പെട്ടത്. സൂരജ് നഗറിൽ രതിബാഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയ്ക്കൊപ്പമാണ് രാകേഷ് അഗർവാൾ ഇവിടെ താമസിച്ചിരുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സംഭവത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ഒരു വീട്ടുജോലിക്കാരൻ രാകേഷ് അഗർവാളിന്റെ വീട്ടിൽ ജോലിയിൽ പ്രവേശിച്ചത്. കൊലപാതകത്തിന് പിന്നാലെ ഇയാളെ കാണാതായതായാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കാണാതായ വീട്ടുജോലിക്കാരനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ സഹായിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലപാതകത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.




