ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിഷേധ പ്രകടനങ്ങൾക്കും ഉപരോധ സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി പൊലീസ്. സിപിഐഎം ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിലാണ് പൊലീസ് നോട്ടീസ് നൽകിയത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കാണ് നോട്ടീസ് കൈമാറിയത്.
പൊലീസ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനങ്ങളോ ഉപരോധ സമരങ്ങളോ സംഘടിപ്പിക്കരുതെന്നാണ് നിർദേശം. നിർദേശം ലംഘിച്ച് പ്രകടനം നടത്തുകയോ എതിർപാർട്ടികളുടെ കൊടിതോരണങ്ങൾ നശിപ്പിക്കുകയോ ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
സംസ്ഥാന വ്യാപകമായി മന്ത്രിമാർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് ഹരിപ്പാട് പൊലീസിന്റെ നടപടി. അതേസമയം, ഇന്ന് വൈകുന്നേരം ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രകടനം നടത്തുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷ ശക്തമാക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.




