ദുബായ്: യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വിലവർധനയ്ക്ക് പിന്നാലെ ഒക്ടോബറിലും ഇന്ധനവില ഉയർന്നു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ നിലവിൽ വന്നു.
സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമാണ് പുതിയ വില. സെപ്റ്റംബറിൽ ഇത് 3.80 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.69 ദിർഹത്തിൽ നിന്ന് 4.28 ദിർഹമായി ഉയർന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 4.21 ദിർഹമാണ് പുതിയ നിരക്ക്. സെപ്റ്റംബറിൽ 3.61 ദിർഹമായിരുന്നു. ഡീസൽ വിലയും ഉയർന്നു. ലിറ്ററിന് 4.30 ദിർഹമായിരുന്ന ഡീസലിന് ഇപ്പോൾ 4.80 ദിർഹമാണ് വില.
ഫെബ്രുവരി 28ന് പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ യുഎഇയിലെ റീട്ടെയിൽ ഇന്ധനവിലയിൽ വലിയ വർധനയുണ്ടായതായാണ് റിപ്പോർട്ട്. ജൂലൈയിൽ ചെറിയ തോതിൽ വില കുറഞ്ഞെങ്കിലും ഓഗസ്റ്റ് മുതൽ വീണ്ടും വർധന തുടരുകയാണ്.
മേഖലയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങളുമാണ് ഇന്ധനവില ഉയരാൻ കാരണമായത്. ഇന്ധനവില വർധന യുഎഇയിലെ കുടുംബങ്ങളുടെ പ്രതിമാസ ചെലവിനെയും ബാധിക്കാനിടയുണ്ട്.




