ന്യൂഡൽഹി: അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടിയത്.
സെപ്റ്റംബർ 25ന് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തെ ലക്ഷ്യമിട്ടാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്. സംശയാസ്പദമായി കണ്ടെത്തിയ ഇറാനിയൻ ബോട്ട് ഉദ്യോഗസ്ഥർ വളഞ്ഞ് പരിശോധിച്ചു. ബോട്ടിൽ നിന്ന് 526 കിലോഗ്രാം ലഹരിവസ്തുക്കൾ കണ്ടെത്തി. ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടികൂടിയത്.
ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് സംശയാസ്പദമായ ബോട്ടിനെ പിന്തുടർന്ന് ഉൾക്കടലിൽ വെച്ച് പിടികൂടുകയായിരുന്നു. ബോട്ട്, ലഹരിമരുന്ന് ശേഖരം, കസ്റ്റഡിയിലെടുത്ത അഞ്ച് പേരെയും സുരക്ഷയോടെ മുംബൈയിലെത്തിച്ചു. വിവിധ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്യുകയാണ്. തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ശ്രമത്തിലെ പ്രധാന നേട്ടമാണിതെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.




