ഒടുവിൽ ആഴ്ച്ചകളായി പുകഞ്ഞ് നിന്നിരുന്ന അതൃപ്തി പൊട്ടിത്തെറിയുടെ രൂപത്തിൽ പുറത്ത് വരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫിൽ പടയൊരുക്കം. താനറിയാതെ പല കാര്യങ്ങളും മുന്നണിക്കുള്ളിൽ നടക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, യു.ഡി.എഫ്. കൺവീനറായ അടൂർ പ്രകാശാണ്. കാര്യങ്ങൾ വിളിച്ചുപറയാൻ കഴിയാത്തത്ര തിരക്കുണ്ടാകും. എങ്കിലും മാധ്യമങ്ങളിൽ കൂടിമാത്രം കാര്യങ്ങൾ അറിഞ്ഞാൽ മതിയെന്നത് ശരിയല്ലെന്ന് അടൂർ പ്രകാശ് തുറന്നടിച്ചു. പുതിയ സർക്കാർ ഭരണത്തിലേറി നാലാം മാസം തന്നെ അതേ മുന്നണിയുടെ കൺവീനർ മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം വിളിച്ചുകൂട്ടുക എന്ന അസാധാരണ സംഭവവികാസങ്ങൾക്കാണ് കോൺഗ്രസും കേരളവും സാക്ഷിയാകുന്നത്.
കാബിനറ്റ് പദവി ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ സംബന്ധിച്ച് തന്നെ നേരത്തെ അറിയിച്ചില്ലെന്ന അടൂർ പ്രകാശിന്റെ പരാതിയിൽ അർത്ഥങ്ങളേറെയുണ്ട്. UDFൽ നടക്കുന്നത് വിഡി സതീശന്റെ ഏകാധിപത്യ ഭരണമാണെന്ന് പറയാതെ തന്നെ പറയുകയാണ് അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാന്‍ കഴിയാത്തതിനാല്‍ പല വിഷയങ്ങളും മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രി യോഗം വിളിക്കാന്‍ മുന്‍കൈ എടുക്കുന്നില്ലെന്ന പരാതിയും അടൂര്‍ പ്രകാശ് ഉന്നയിച്ചു. ഇക്കാര്യത്തിലുള്ള അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ചില സ്ഥലങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകള്‍ യു.ഡി.എഫ്. നേടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി രാഷ്ട്രീയ വിഷയങ്ങളിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാനായ മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമേ അത് സാധ്യമാകൂ. ഇത്തരം കാര്യങ്ങൾ ചെയ്യാനായി മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട ആവശ്യമില്ലെന്നും കാര്യങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു.
ക്യാബിനറ്റ് പദവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് എരിഞ്ഞ് നിന്നിരുന്ന അതൃപ്തി ഇങ്ങനെ പരസ്യമാക്കാൻ അടൂർ പ്രകാശിനെ നിർബന്ധിതനാക്കിയത്. എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായും ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറിയായ ജി. ദേവരാജനെ ന്യൂഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ ഇക്കാര്യം മുന്നണി കൺവീനറടക്കം അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് പറയുമ്പോൾ UDFൽ യാതൊരു വിധത്തിലും ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല എന്ന് വ്യക്കമാകും. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടവിധം ഏകോപനം ഉണ്ടായില്ലെന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്.
ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ് വിഷയത്തിൽ ബിജെപി നടത്തുന്ന പ്രചാരണങ്ങൾ. എംകെ മുനീറിന്റെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ലീഗിന് സതീശന്റെ സമ്മാനമാണെന്നാണ് വി മുരളീധരൻ എംഎൽഎ അടക്കം ആരോപിക്കുന്നത്. ആറ് മന്ത്രിമാരെ കൊടുക്കാൻ കഴിയാതെ വന്നതോടെ ക്യാബിനറ്റ് റാങ്കോടെയുള്ള മറ്റൊരു പദവി കൊടുത്ത് ലീഗിനെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നായിരുന്നു വി മുരളീധരന്റെ ആരോപണം. വിഷയത്തിൽ മുന്നണിക്കുള്ളിൽ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ മുഖ്യമന്ത്രി തന്നെ ഇക്കാര്യം തീരുമാനിച്ചു എന്ന് പറയുമ്പോൾ ബിജെപിയുടെ ഈ ആരോപണത്തിൽ കഴമ്പില്ലാതെയില്ല എന്ന തിരിച്ചറിവിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്. താൻ ചെയർമാനാകുന്നത് എല്ലാവരും അംഗീകരിക്കണമെന്നില്ലെന്നും മുന്നണിയിൽ ചർച്ച ചെയ്തിട്ട് തീരുമാനിച്ചാൽ മതിയായിരുന്നുവെന്നുമാണ് എംകെ മുനീറിന്റെ പ്രതികരണം.
ഇനി വീണ്ടും അടൂർ പ്രകാശിലേക്ക് വന്നാൽ, തന്റെ അതൃപ്തി താൻ നേരിട്ട് ഹൈക്കമാൻഡിനെ അറിയിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘പലയാളുകളും എന്നെ വിളിച്ച് തീരുമാനം എന്താണെന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, മറുപടി പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കേരളത്തിലെ യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണ്. എനിക്കുണ്ടായ അതൃപ്തി അധികം വൈകാതെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിക്കും. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല ഞാനിത് പറയുന്നത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറഞ്ഞത്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇതൊന്നും മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല.’ അദ്ദേഹം വ്യക്തമാക്കി.
‘മാണി സി.കാപ്പിന് ക്യാബിനറ്റ് പദവി ലഭിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളേും തീരുമാനങ്ങളേയും കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഇതൊക്കെ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യുഡിഎഫില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നുമാണ് കൺവീനർ പറയുന്നത്. ഒരു കണ്‍വീനര്‍ എന്ന നിലയില്‍ ഇത്തരം പ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിയേണ്ടി വരുന്നത് ദുഃഖകരമാണെന്ന പരിഭവം തുറന്ന് സമ്മതിക്കുന്നുണ്ട് അദ്ദേഹം. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി എന്ന പദവിയെ വലിയ രീതിയിൽ വിമർശിച്ചിരുന്നവരാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന യുഎഡിഎഫ് എന്നത് മറന്നുപോകരുത്. കെവി തോമസിന് വേണ്ടിയുണ്ടാക്കിയ പദവിയാണെന്നും പണം ധൂർത്തടിക്കാൻ മാത്രമുള്ള ഒന്നാണെന്നും വലിയ വായിൽ പറഞ്ഞിരുന്നവർ ഇന്ന് അതേ പോസ്റ്റിലേക്ക് ഒരാളെ നിയമിച്ചത് മുന്നണിയിൽ പോലും ആലോചിക്കാതെയാണെന്ന ആരോപണം വരുന്നത് അത്ര നിസാരമായ ഒന്നല്ല.
മുഖ്യമന്ത്രിയുടെ വിമാന യാത്ര വിവാദത്തെ സംബന്ധിച്ച ചോദ്യത്തിന് ജനങ്ങളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നായിരുന്നു അടൂർ പ്രകാശിൻറെ മറുപടി. കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ മുതിർന്ന നേതാവായ കെ സുധാകരനും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വണ്ടിയൊന്നും അല്ലല്ലോ, ആരാണ് സ്പോൺസർ ചെയ്തതെന്ന് പറയുന്നതിൽ എന്തായിരുന്നു കുഴപ്പം എന്നായിരുന്നു സുധാകരൻ തുറന്നടിച്ച്. ഇതെല്ലാം മൊത്തത്തിൽ കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന കടുത്ത അതൃപ്തിയുടെ പ്രതിഫലനങ്ങളാണെന്ന് നിലവിലെ സംഭവങ്ങൾ അടിവരയിടുന്നു.



