കർണാടക: മകളെതിരായ പീഡനക്കേസിൽ പൊലീസ് നടപടി വൈകിയതിൽ മനംനൊന്ത് കർണാടകയിലെ ദാവണഗെരെയിൽ പിതാവ് ജീവനൊടുക്കി. ചന്നഗിരി സ്വദേശിയായ പിതാവിനെയാണ് വീടിന് സമീപത്തെ തോട്ടത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മകളെ വിവാഹ വാഗ്ദാനം നൽകി ആറ് വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിൽ നവീൻ എന്ന യുവാവിനെതിരെ ഓഗസ്റ്റ് 22ന് ചന്നഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിക്ക് പീഡന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ നടപടി ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതി കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനെ തുടർന്നാണ് അന്വേഷണം മുന്നോട്ട് പോയില്ലെന്ന് പൊലീസ് വിശദീകരിച്ചു.
ഇതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ പ്രതിയുടെ ബന്ധുക്കൾ ജാതീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതി ഉയർന്നിരുന്നു. സെപ്റ്റംബർ 30ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
പിതാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹവുമായി ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. പൊലീസിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പിതാവിന്റെ മരണത്തിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നും പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.




