ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെ. ‘ചലോ ഡൽഹി’ എന്ന പേരിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം സമാധാനപരമായിരിക്കുമെന്നും ദിപ്കെ വ്യക്തമാക്കി.
മുംബൈയിലെ ശിവാജി പാർക്കിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ദിപ്കെ പുതിയ സമര പ്രഖ്യാപനം നടത്തിയത്. ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ ഡൽഹിയിലെത്തുമെന്നും ‘ജന്തർ മന്തർ 2.0’ എന്ന പേരിൽ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്ഐആറിലും ക്രമക്കേടുകളുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് സിജെപി പ്രതിഷേധം നടത്തുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി, എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക, 2025 ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.
വോട്ടർപട്ടികയിൽനിന്ന് വോട്ടർമാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടും ദിപ്കെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ഒക്ടോബർ 10ന് വീണ്ടും പ്രതിഷേധം നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്.




