കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അരങ്ങൊരുങ്ങും. അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലും ഇന്ത്യയും ആദ്യമായി സീനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നേർക്കുനേർ എത്തുന്നു. രാത്രി 7.30നാണ് മത്സരം. സോണി ടെൻ ചാനലുകളിലും സോണി ലിവിലും മത്സരം തത്സമയം കാണാം.
ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും 138-ാം സ്ഥാനത്തുള്ള ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ ശക്തമായ പോരാട്ടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. ലോകകപ്പിലെ നിരാശയ്ക്ക് ശേഷം കാർലോ ആഞ്ചലോട്ടിയുടെ നേതൃത്വത്തിലുള്ള ബ്രസീൽ പുതിയ തുടക്കമാണ് ലക്ഷ്യമിടുന്നത്. വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, മാർക്വീഞ്ഞോസ്, ഗബ്രിയേൽ മഗൽഹായസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ബ്രസീൽ നിരയിലുണ്ട്.
ഖാലിദ് ജമീലിന്റെ പരിശീലനത്തിലുള്ള ഇന്ത്യൻ ടീമും ആത്മവിശ്വാസത്തിലാണ്. റയാൻ വില്യംസ്, മൻവീർ സിംഗ്, ആകാശ് മിശ്ര തുടങ്ങിയ താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ പാനമയെ 1-1ന് സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
അതേസമയം, ഓസ്‌ട്രേലിയയെ 4-2ന് പരാജയപ്പെടുത്തിയ ശേഷമാണ് ബ്രസീൽ കൊൽക്കത്തയിലെത്തിയത്. ബ്രിസ്‌ബേനിൽ നിന്ന് സ്വകാര്യ ജെറ്റിൽ എത്തിയ ബ്രസീൽ സംഘം പരിശീലനം പൂർത്തിയാക്കി മത്സരത്തിനായി തയ്യാറെടുത്തു.
പാനമയ്‌ക്കെതിരെ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയതെന്നും ഇന്ത്യൻ ടീം മികച്ച നിലവാരമുള്ളതാണെന്നും ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞു. മത്സരത്തിലെ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് പ്രതികരിച്ച ആഞ്ചലോട്ടി, ടീമിൽ ആത്മാർഥതയും നിലവാരവും സന്തോഷവും ഒരുമിച്ചെത്തുമ്പോഴാണ് മികച്ച ഫുട്ബോൾ പിറക്കുന്നതെന്നും വ്യക്തമാക്കി.
ബ്രസീലിനെപ്പോലെ സമ്പന്നമായ ചരിത്രമുള്ള ടീമിനെ നേരിടുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള മത്സരത്തിൽ ബ്രസീലിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.




