പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കേസ് മാറ്റിയത്. ബലാത്സംഗ കേസുകളുടെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്.
നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം തിരുവല്ല കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസം 30ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു. മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ പൂർത്തിയായതോടെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. വിചാരണ ഏത് കോടതിയിൽ നടത്തണമെന്ന് ജില്ലാ സെഷൻസ് കോടതി തീരുമാനിക്കും.
2026 മേയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. വിദേശത്ത് താമസിക്കുന്ന 31 വയസുള്ള മലയാളി യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജനുവരി 10ന് ഷൊർണൂരിലെ കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തു.
ബലാത്സംഗം, ശാരീരികവും മാനസികവുമായ പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. അതേസമയം, പരാതിയിൽ പറയുന്ന തരത്തിലുള്ള ബലാത്സംഗം നടന്നിട്ടില്ലെന്നും പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.




