തിരുവനന്തപുരം: കെഎസ്ഇബിക്ക് ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ആകെ കുടിശ്ശിക 1,342.88 കോടി രൂപയായി. 2026 മാർച്ച് 31 വരെയുള്ള കണക്കാണിത്. കാസർകോട് സ്വദേശി മുഹമ്മദ് അഷറഫ് എ.എസ്. നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കെഎസ്ഇബി അരിയർ ക്ലിയറൻസ് സെൽ നൽകിയ മറുപടിയിലാണ് കുടിശ്ശികയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കൾ മുതൽ വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും വരെ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക
വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള ക്രമീകരണങ്ങൾക്ക് ശേഷം കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള കുടിശ്ശിക 38.99 കോടി രൂപയാണ്.
- സംസ്ഥാന സർക്കാർ വകുപ്പുകൾ – 6.22 കോടി രൂപ
- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ – 8.87 കോടി രൂപ
- കേരള വാട്ടർ അതോറിറ്റി – 28.25 കോടി രൂപ
- പൊതുസ്ഥാപനങ്ങൾ – 3.34 കോടി രൂപ
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ – 1.52 കോടി രൂപ
- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ – 2.32 കോടി രൂപ
- കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ – 36.47 കോടി രൂപ
കൂടുതൽ കുടിശ്ശികയുള്ള 10 സ്ഥാപനങ്ങൾ
- സിലിക്കൽ മെറ്റലർജിക് പ്രൈവറ്റ് ലിമിറ്റഡ് – 67.51 കോടി രൂപ
- ബിനാനി സിങ്ക് ലിമിറ്റഡ് – 44.50 കോടി രൂപ
- ഹൈടെക് ഇലക്ട്രിക് ആൻഡ് ഹൈഡ്രോ പവർ ലിമിറ്റഡ് – 37.30 കോടി രൂപ
- ട്രാവൻകൂർ റയോൺസ് ലിമിറ്റഡ് – 27.97 കോടി രൂപ
- ബന്നാരിയമ്മൻ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ് – 23.20 കോടി രൂപ
- എസ്.വി.എ സ്റ്റീൽ റീറോളിംഗ് മിൽസ് ലിമിറ്റഡ് – 16.89 കോടി രൂപ
- ശ്രീലക്ഷ്മി ഇലക്ട്രോ സ്മെൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് – 15.44 കോടി രൂപ
- എക്സൽ ഗ്ലാസ് ഫാക്ടറി – 15.36 കോടി രൂപ
- സുവീറ അലോയ്‌സ് – 15.20 കോടി രൂപ
- എ.പി. സ്റ്റീൽ റീറോളിംഗ് മിൽസ് – 15.15 കോടി രൂപ
വർഷങ്ങളായി കെട്ടിക്കിടക്കുന്ന കുടിശ്ശിക
കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശികയിൽ 10 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നത് 414.35 കോടി രൂപയാണ്. അഞ്ച് മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക 153.09 കോടിയും രണ്ട് മുതൽ അഞ്ച് വർഷം വരെയുള്ളത് 149.43 കോടി രൂപയുമാണ്.
കോടതി വ്യവഹാരത്തിലുള്ള കുടിശ്ശികയുടെയും കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് കുടിശ്ശികയുടെയും വിശദാംശങ്ങൾ അരിയർ ക്ലിയറൻസ് സെൽ ഓഫീസിൽ ലഭ്യമല്ലെന്നും ബന്ധപ്പെട്ട സ്പെഷ്യൽ ഓഫീസർമാരുടെയും വിതരണ വിഭാഗം ചീഫ് എൻജിനീയർമാരുടെയും ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
കുടിശ്ശിക പിരിച്ചെടുക്കാൻ നടപടി
കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി വൈദ്യുതി ബന്ധം വിച്ഛേദിക്കൽ, ബന്ധം അഴിച്ചുമാറ്റൽ, റവന്യൂ റിക്കവറി നടപടികൾ തുടങ്ങിയവ കെഎസ്ഇബി സ്വീകരിക്കുന്നുണ്ട്. സപ്ലൈകോഡ് 2014ലെ 138, 139 ചട്ടങ്ങൾ പ്രകാരം കുടിശ്ശിക വരുത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും തുക അടയ്ക്കാത്തവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. വാട്ടർ അതോറിറ്റി പമ്പ് ഹൗസുകൾ, പൊലീസ്, സർക്കാർ ആശുപത്രികൾ, കൃഷിഭവനുകൾ തുടങ്ങിയവയ്ക്ക് ഇക്കാര്യത്തിൽ ഇളവുകളുണ്ട്. കുടിശ്ശിക തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക ഒഴിവാക്കുന്നതിന്റെ ഭാഗമായി 2026 മാർച്ച് ഒന്ന് മുതൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിക്കാനും വൈദ്യുതി ചാർജ് സർക്കാർ നൽകാനുള്ള തുകയിൽ നിന്ന് സ്വയമേവ തട്ടിക്കിഴിക്കുന്ന സംവിധാനം നടപ്പാക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രീപെയ്ഡ് മീറ്ററുകൾ സ്ഥാപിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.


