ചണ്ഡീഗഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് വിജയം കുറിച്ചതിന് പിന്നാലെ ഇന്ത്യൻ ഇതിഹാസ നായകൻ എം.എസ് ധോനിയുടെ വാക്കുകൾ ഓർത്തെടുത്ത് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്. ‘നിങ്ങൾ കരുതുന്നതിനേക്കാൾ കൂടുതൽ സമയം നിങ്ങളുടെ കൈവശമുണ്ട്’ എന്ന ധോനിയുടെ ഉപദേശം ക്ഷമയോടെ പിന്തുടരാനും അന്തിമലക്ഷ്യം ചെറിയ ഘട്ടങ്ങളായി തിരിച്ച് ആസൂത്രണം ചെയ്ത് വിജയം പിന്തുടരാനും സഹായിച്ചതായി ഹോപ്പ് പറഞ്ഞു. ഇന്ത്യക്കെതിരെ പുറത്താകാതെ 162 റൺസ് നേടിയ ഹോപ്പ് വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.
ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യം മറികടന്ന് വെസ്റ്റ് ഇൻഡീസ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസാണ് സ്വന്തമാക്കിയത്. 50 ഓവർ വിക്കറ്റ് കാക്കുകയും, ഇന്നിങ്‌സ് ഓപ്പൺ ചെയ്യുകയും, പരിക്കിനെ ചെറുക്കുകയും ചെയ്തുകൊണ്ട് മികച്ച സെഞ്ചുറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ച ഷായ് ഹോപ്പ് തന്നെയായിരുന്നു കളിയിലെ താരം. ഓവർ റേറ്റ് പെനാൽറ്റി കാരണം ഇന്ത്യയ്ക്ക് ഫീൽഡർമാരെ ഉള്ളിലേക്ക് കൊണ്ടുവരേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ ഞാൻ ക്ഷമയോടെ നിന്നു എന്നും ഹോപ് പറയുന്നു.




