ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിയെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ധാരാപുരത്ത് നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണത്തിലാണ് ധാരാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ശനിയാഴ്ച ധാരാപുരത്തെ പെരിയാർ പ്രതിമയ്ക്ക് സമീപം ഉദയനിധി പങ്കെടുത്ത പൊതുയോഗത്തിലാണ് സംഭവം നടന്നതെന്ന് തിരുപ്പൂർ ജില്ലാ പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ ലംഘനമാണ് നടന്നതെന്നാണ് ആരോപണം.
യോഗത്തിനിടെ ഒരു കുട്ടിയെക്കൊണ്ട് സംസാരിപ്പിക്കുകയും മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ പ്രസംഗം തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ അധിക്ഷേപമായി മാറിയെന്നും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ പേരോ പ്രായമോ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തത് ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.




