Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിജിറ്റൽ ലോകത്ത് കുട്ടികൾ; സുരക്ഷയ്ക്ക് ചട്ടങ്ങൾ വേണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുട്ടികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപയോഗം ഇന്ന് വലിയൊരു സാമൂഹിക ഉത്കണ്ഠയാണ്. പഠനം മുതൽ വിനോദം വരെ നിരവധി കാര്യങ്ങൾക്ക് കുട്ടികൾ സ്മാർട്ട്ഫോണിനെയും ഇന്റർനെറ്റിനെയും ആശ്രയിക്കുന്നു. ഒരു കാലത്ത് പുസ്തകങ്ങളിലൂടെയും അധ്യാപകരിലൂടെയും മാത്രം അറിവ് നേടിയിരുന്ന കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ് വളരുന്നത്. ഓൺലൈൻ ക്ലാസുകൾ, വിദ്യാഭ്യാസ വീഡിയോകൾ, ഡിജിറ്റൽ ലൈബ്രറികൾ, പഠന ആപ്പുകൾ തുടങ്ങിയവ കുട്ടികളുടെ പഠനത്തിന് വലിയ സഹായമാണ്. സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും പുതിയ ഭാഷകൾ പഠിക്കാനും ശാസ്ത്രം, ചരിത്രം, കല തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും ഇന്റർനെറ്റ് അവസരമൊരുക്കുന്നുണ്ട്.

എന്നാൽ നിയന്ത്രണമില്ലാത്ത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.ഇതിനൊപ്പം സൈബർ ലോകത്തെ അപകടങ്ങളും കുട്ടികൾ തിരിച്ചറിയേണ്ടതുണ്ട്. ഈ പ്രശ്‌നം കൈകാര്യംചെയ്യുന്നതിന് ചട്ടങ്ങളുണ്ടാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു.സർക്കാർ ഇടപെടുന്നില്ലെങ്കിൽ ഐ.ടി. നിയമത്തിനുകീഴിൽ ഉത്തരവിറക്കാൻ സുപ്രീംകോടതിതന്നെ മുന്നിട്ടിറങ്ങുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

സാമൂഹികമാധ്യമങ്ങളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നതിൽ പ്രായപൂർത്തിയാകാത്തവർക്ക് സംരക്ഷണമാവശ്യപ്പെടുന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുട്ടികൾക്ക് അക്കൗണ്ടുണ്ടാക്കാൻ മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കുന്നതും സാമൂഹികമാധ്യമ ഇന്റർമീഡിയറികളെ നിയന്ത്രിക്കുന്നതും പരിഗണിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് അപായസാധ്യതയാണ്. കൃത്യമായ സമയം ഇല്ലാതെ മണിക്കൂറുകളോളം ഇതിന്റെ ഉപയോഗത്തിൽ അകപ്പെടുന്ന കുട്ടികൾക്ക് പഠനത്തിൽ ഏകാഗ്രതക്കുറവും പെരുമാറ്റപ്രശ്നങ്ങളുമൊക്കെ ഉണ്ടാകാറുമുണ്ട്.

കുട്ടികളുടെ വിശ്വാസം പിടിച്ചുപറ്റി ‘ഓൺലൈൻ ഗ്രൂമിങ് നടത്തുന്നവരുമുണ്ട് അക്കൂട്ടത്തിൽ. അതൊരുപക്ഷേ അപരിചിതർ ആകണമെന്നുമില്ല പരിചയമുള്ളവരുമാകാം. ഇത്തരത്തിൽ ചതിക്കുഴികളിൽ അകപെട്ടുപോയവരും ഏറെയാണ്. മൊബൈൽ ഫോണും ഇന്റർനെറ്റും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായതോടെ ഫോട്ടോ എഡിറ്റിങ്ങും ചിത്രങ്ങൾ മാറ്റിമറിക്കുന്ന സാങ്കേതികവിദ്യകളും വളരെ എളുപ്പത്തിൽ ലഭ്യമായിരിക്കുകയാണ്. ഒരു കാലത്ത് വിദഗ്ധർ മാത്രം ചെയ്തിരുന്ന ഫോട്ടോ എഡിറ്റിങ് ഇന്ന് ഏതാനും ക്ലിക്കുകളിലൂടെ ചെയ്യാൻ കഴിയുന്ന അവസ്ഥയാണ്. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ ആപ്പുകളും ടൂളുകളും വന്നതോടെ ഒരാളുടെ മുഖമോ വസ്ത്രമോ പശ്ചാത്തലമോ മാറ്റി മറ്റൊരു രൂപത്തിലുള്ള ചിത്രം സൃഷ്ടിക്കുന്നത് വളരെ എളുപ്പമായി.

എന്നാൽ ഈ സാങ്കേതികവിദ്യ കുട്ടികൾ തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോൾ വലിയ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. സുഹൃത്തുക്കളുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ എടുത്ത് മോർഫ് ചെയ്യുക, മറ്റൊരാളുടെ മുഖം മറ്റൊരു ചിത്രത്തിൽ ചേർക്കുക, പിന്നീട് അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക തുടങ്ങിയ പ്രവണതകൾ ഇന്ന് ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളാണ്.പേരാമ്പ്രയിൽ അദ്ധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്ളസ് ടു വിദ്യാർത്ഥികളുടെ വാർത്ത കഴിഞ്ഞ ദിവസം കേരളം കണ്ടതാണ്. ഇപ്പോഴിതാ സഹപാഠികളുടെ ചിത്രങ്ങളും ഉള്ളതായി പോലീസ് കണ്ടെത്തി. ജൂലായിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. വിദ്യാർത്ഥികളെ സ്കൂളിൽ വരുന്നതിൽ നിന്നും വിലക്കിയിട്ടുമുണ്ട്.

നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത യുവാവിനെ കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുൻപ് കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ മാനസികമായി തകർന്ന് ജീവനൊടുക്കുന്ന നിരവധി പെൺകുട്ടികളുടെയും ജീവിതാനങ്ങൾക്ക് സാക്ഷി ആയതാണ് കേരളം. ഇത്തരം ചിത്രങ്ങൾ ഒരിക്കൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചാൽ അത് പൂർണമായി നീക്കം ചെയ്യുന്നതും ബുദ്ധിമുട്ടാണ്. ഒരാൾ ചിത്രം ഡിലീറ്റ് ചെയ്താലും മറ്റുള്ളവർ അത് ഡൗൺലോഡ് ചെയ്യുകയോ വീണ്ടും പങ്കുവയ്ക്കുകയോ ചെയ്യാം. അതുകൊണ്ടുതന്നെ ഡിജിറ്റൽ ലോകത്ത് ഒരു ചിത്രം പങ്കുവയ്ക്കുന്നതിന് മുമ്പ് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികൾ ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്.

ഇവിടെ മാതാപിതാക്കൾക്കും അധ്യാപകർക്കും വലിയ ഉത്തരവാദിത്വമുണ്ട്. കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതോടൊപ്പം ഡിജിറ്റൽ മര്യാദയും സൈബർ സുരക്ഷയും പഠിപ്പിക്കണം.ശരിയായ രീതിയിൽ ഉപയോഗിച്ചാൽ സോഷ്യൽ മീഡിയ സുഹൃത്തും വഴികാട്ടിയുമാണെന്നു നിരീക്ഷിക്കുന്നവരുമുണ്ട്. ഈ ശരിയായ ഉപയോഗത്തിന് ഉതകുന്നതരത്തിലുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുകയെന്നതാണ് സർക്കാരും നയരൂപകർത്താക്കളും ഏറ്റെടുക്കേണ്ട ദൗത്യം.

ദുരുപയോഗസാധ്യത ഫലവത്തായി നിയന്ത്രിക്കുകയാണ് ഭരണകൂടം ആലോചിച്ചുചെയ്യേണ്ടത്. ചൂഷണം തടയുന്നതിനുള്ള സാങ്കേതികോപാധികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിലയിപ്പിക്കാൻ സാമൂഹികമാധ്യമക്കമ്പനികളെ സർക്കാർ പ്രോത്സാഹിപ്പിക്കണം. കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് സമയം ഉറപ്പാക്കാൻ സാങ്കേതികമായി സാധ്യമാകുമോ എന്നും നോക്കാവുന്നതാണ്. മാതാപിതാക്കളുടെ അനുമതിമാത്രമല്ല, നിരീക്ഷണവും നിയമവശാൽ ഉറപ്പാക്കണം. ഉപയോക്താക്കളുടെ പ്രായം തിട്ടപ്പെടുത്തുന്നതിനുള്ള ഉപാധികളും കണ്ടെത്തണം. കുട്ടികളുടെ രക്ഷയും പുതുകാലത്തിന്റെ മുന്നേറ്റങ്ങളും ഒന്നിച്ചുകൊണ്ടുപോകാൻ തരത്തിലുള്ള നിയമങ്ങളാണ് കൊണ്ട് വരേണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix