അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ റെക്കോർഡ് കളക്ഷനുമായി കുതിക്കുന്നു. ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ദിവസം തന്നെ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കമാണ് കുറിച്ചത്. ഇന്ത്യയിൽ ആദ്യദിനം 62 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടിയ ചിത്രത്തിന് രണ്ടാം ദിവസം കളക്ഷനിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
‘സാക്നിൽക്’ റിപ്പോർട്ട് പ്രകാരം രണ്ടാം ദിവസം 16,868 ഷോകളിലായി ഇന്ത്യയിൽ നിന്ന് ചിത്രം 53.50 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. ആദ്യദിനത്തിലെ 62 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 13.7 ശതമാനമാണ് ഇടിവ്. എങ്കിലും രണ്ടാം ദിവസവും ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്.
ഇതോടെ ഇന്ത്യയിൽ നിന്ന് ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ 138.60 കോടി രൂപയും നെറ്റ് കളക്ഷൻ 115.50 കോടി രൂപയുമായി. രണ്ടാം ദിവസം വിദേശ വിപണികളിൽ നിന്ന് 20 കോടി രൂപ കൂടി നേടിയതോടെ വിദേശ ഗ്രോസ് കളക്ഷൻ 38.50 കോടി രൂപയായി. ഇതോടെ ആഗോള ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ ആകെ ഗ്രോസ് കളക്ഷൻ 177.10 കോടി രൂപയിലെത്തി.




