കൊച്ചി: എം.ജി റോഡിൽ യുവാക്കളെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിന് കണ്ണൂർ തളിപ്പറമ്പിൽ വീട്ടിൽ കയറി വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലീസ്. തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച പുലർച്ചെ 3.30ഓടെ സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്ക് മുന്നിലായിരുന്നു യുവാക്കളെ ആക്രമിച്ചത്. കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് പരുക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ ഷിബിൽ കമ്പിവടി ഉപയോഗിച്ച് ഇരുവരെയും മർദിച്ചെന്നാണ് പരാതി. ഇന്ദ്രജിത്തിന്റെ ഇടതുകൈക്കും കഴുത്തിന്റെ ഇടതുഭാഗത്തും പരുക്കേറ്റു. കാർത്തിക്കിന്റെ ഇടതുകൈയ്ക്കും പരുക്കുണ്ട്.
ആക്രമണക്കേസിൽ പിടിയിലായ ഷിബിലിനെ ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പിലെ മോഷണക്കേസുമായുള്ള ബന്ധം പൊലീസിന് ലഭിച്ചത്. ജൂലൈ 14ന് രാത്രി തളിപ്പറമ്പ് പൂമംഗലത്തെ കോളിയാടൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തി ആക്രമിച്ച ശേഷം ഒരു പവൻ സ്വർണമാല കവർന്നെന്നാണ് കേസ്.
മോഷ്ടിച്ച സ്വർണമാല വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് ഷിബിൽ കാർ വാങ്ങിയതെന്നും ഈ കാറിലാണ് കൊച്ചിയിലെത്തിയതെന്നും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത കാറും പ്രതിയെയും കൊച്ചി സെൻട്രൽ പൊലീസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. സെൻട്രൽ എസിപി സിബി ടോമിന്റെയും ഇൻസ്പെക്ടർ അനീഷ് ജോയിയുടെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്.




