മലപ്പുറം: സംഘടനാപരമായ ദൗർബല്യങ്ങൾ വിലയിരുത്തി പാർട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളുമായി സിപിഎം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കമ്മിറ്റിയിൽ കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവിയെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ. ബദറുന്നിസ, പി. പത്മജ, എം.ടി. അഹമ്മദ്, ഇ. നരേന്ദ്ര ദേവ് എന്നിവരെ ജില്ലാ കമ്മിറ്റി ക്ഷണിതാക്കളായും തിരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.പി. അനിൽ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ചു. മതനിരപേക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് സിപിഎം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയയുടെയും രാഷ്ട്രീയ നിലപാടുകൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുമെന്നും വി.പി. അനിൽ പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഇടതുപക്ഷത്തോടൊപ്പം അണിനിരത്തുന്നതിനായി ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. പാർട്ടിയുടെ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.


