കൊച്ചി: സംഗീത പരിപാടികൾക്കായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന ഗായകൻ ഹിരൺ ദാസ് മുരളി (വേടൻ)ക്ക് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
കേസുകളുടെ വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച ശേഷം പ്രത്യേക PCC നൽകണമെന്ന് റീജനൽ പാസ്‌പോർട്ട് ഓഫീസറോട് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശിച്ചു. വിവിധ കേസുകളിൽ പ്രതിയാണെന്ന കാരണത്താൽ PCC അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്.
വേടനെതിരായ കേസുകൾ ചൂണ്ടിക്കാട്ടി പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പ്രതികൂലമായിരുന്നുവെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ പ്രത്യേക PCC മാത്രമേ നൽകാനാകൂ എന്നും സർക്കാർ വ്യക്തമാക്കി.
ക്രിമിനൽ കേസ് നിലവിലുള്ള ഒരാൾക്ക് ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ കഴിയുമെന്ന മുൻ ഉത്തരവും ഹൈക്കോടതി പരിഗണിച്ചു. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക PCC നൽകാൻ കോടതി നിർദേശിച്ചു.
അതേസമയം, ബന്ധപ്പെട്ട കോടതിയുടെ അനുമതി നേടിയ ശേഷമേ വേടന് രാജ്യം വിടാൻ പാടുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാളുടെ വിദേശയാത്രയ്ക്കുള്ള അവകാശം പൂർണമായി ഇല്ലാതാകില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഒരു ലഹരിമരുന്ന് കേസിലും വേടൻ പ്രതിയാണ്.




