ഹരിയാനയിലെ മധുബനിൽ നടന്ന ദേശീയ പൊലീസ് മീറ്റിലെ പഞ്ചഗുസ്തി മത്സരത്തിൽ കേരള പൊലീസിനെ പ്രതിനിധീകരിച്ച റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ മികച്ച നേട്ടം സ്വന്തമാക്കി. 75 കിലോ വിഭാഗത്തിൽ ഡിഎച്ച്ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ നിതിൻ ആന്റണി സ്വർണ മെഡൽ നേടി. 80 കിലോ വിഭാഗത്തിൽ സിവിൽ പൊലീസ് ഓഫീസർ എ.എൻ. സനീഷ് വെള്ളി മെഡലും 70 കിലോ വിഭാഗത്തിൽ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു മോഹനൻ വെങ്കല മെഡലും നേടി.
പതിനഞ്ചോളം മത്സരാർഥികളെ മറികടന്നാണ് മൂവരും ദേശീയ തലത്തിൽ മെഡൽ നേടിയത്. സംസ്ഥാന പൊലീസ് മീറ്റിൽ സ്വർണ മെഡൽ നേടിയ ശേഷമാണ് മൂവരും ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചത്. മെഡൽ ജേതാക്കളെ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അഭിനന്ദിച്ചു.




