തിരുവനന്തപുരം: അംഗീകാരമില്ലാത്ത മുഖലേപനങ്ങളും സൗന്ദര്യവർധക ക്രീമുകളും വിൽപന നടത്തുന്നതിനെതിരെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഓൺലൈൻ വഴി ലഭിക്കുന്നതും നിർമ്മാണ വിവരങ്ങൾ വ്യക്തമല്ലാത്തതുമായ ക്രീമുകൾ ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർധിക്കില്ല. പരാതികൾ ലഭിക്കുന്ന മുറയ്ക്ക് പരിശോധനകൾ നടത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിറം വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മലപ്പുറത്ത് 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ക്രീമിൽ അമിതമായി അടങ്ങിയിരുന്ന മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്ന മെംബ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് പെൺകുട്ടിക്ക് സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയിലാണ് പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തിയത്.
മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയ്ക്കൊപ്പം രക്തസമ്മർദം കുറയുക, ക്ഷീണം, തലകറക്കം, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും പെൺകുട്ടിക്കുണ്ടായി. തുടർപരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്. രോഗകാരണം കണ്ടെത്തുന്നതിനായി ഉപയോഗിച്ചിരുന്ന ക്രീം പരിശോധനയ്ക്ക് അയച്ചപ്പോഴാണ് അതിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുള്ള ക്രീമാണെന്ന് അവകാശപ്പെട്ടാണ് ഉൽപ്പന്നം വിൽപന നടത്തിയിരുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, നിറം വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച അനുഭവം മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും വെളിപ്പെടുത്തിയിരുന്നു. മെർക്കുറി അടങ്ങിയ ക്രീമിന്റെ ഉപയോഗം വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.


