തിരുവനന്തപുരം: മന്ത്രി ഒ. ജെ. ജനീഷിനും ഷാഫി പറമ്പിൽ എംപിക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ. യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ മ്യൂസിയം പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥികളെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് സിഐ സതീഷ് കുമാറിനും എസ്ഐ ഗോകുൽ ഗോപനുമെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ. ജെ. ജനീഷിന്റെയും ഷാഫി പറമ്പിൽ എംപിയുടെയും നേതൃത്വത്തിലായിരുന്നു മാർച്ച്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റൽ കോമ്പൗണ്ടിലേക്ക് തീപ്പന്തം എറിഞ്ഞതായി വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. അതേസമയം, വിദ്യാർത്ഥികൾ കമ്പും കല്ലും കുപ്പികളും വലിച്ചെറിഞ്ഞെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ഇതിനിടെ സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവും സ്ഥലത്തെത്തി. തീപ്പന്തം വീണ് പടർന്ന തീ അണച്ചതിന് പിന്നാലെ പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ ഏകപക്ഷീയമായി ആക്രമണം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പൊലീസ് ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിന് പിന്നാലെ കന്റോൺമെന്റ് സിഐക്കും എസ്ഐക്കുമെതിരെ പി. എസ്. സഞ്ജീവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പൊലീസുകാർ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവിടെ പോയി പ്രവർത്തിച്ചാൽ മതിയെന്നും ഇങ്ങോട്ട് വരേണ്ടെന്നുമായിരുന്നു സഞ്ജീവിന്റെ വിമർശനം.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷം പിന്നീട് വലിയ വിവാദമായി. സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളും രംഗത്തെത്തി. ഇതിനിടെ ഹോസ്റ്റലിലെ വിദ്യാർത്ഥിയെ എസ്ഐ ഗോകുൽ ഗോപൻ ലാത്തികൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ഗോകുൽ ഗോപനെതിരെ എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കി.
തുടർന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഗോകുൽ ഗോപന്റെ ഫോൺ സംഭാഷണവും പുറത്തുവന്നു. പിന്നാലെ ഭീഷണി മുഴക്കുന്നതായി ആരോപണമുയർന്ന കന്റോൺമെന്റ് സിഐ സതീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നു. ഇതോടെ എസ്എഫ്ഐ പ്രതിഷേധം കൂടുതൽ ശക്തമാക്കി.
സിഐ സതീഷ് കുമാറിനും എസ്ഐ ഗോകുൽ ഗോപനുമെതിരെ ശക്തമായ നടപടി വേണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം. ഒക്ടോബർ പത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി.




