തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
നാളെയും മറ്റന്നാളും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒക്ടോബർ 9ന് ആറ് ജില്ലകളിലും ഒക്ടോബർ 10ന് മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഒക്ടോബർ 10 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 6, 9, 10 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കണം.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്ക്ക് സമീപം നിൽക്കാതിരിക്കുകയും വേണം. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും അവയുമായി സമ്പർക്കം ഒഴിവാക്കുകയും ചെയ്യണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്നും അധികൃതർ അറിയിച്ചു.
മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിൽ യാത്ര ചെയ്യുന്നതും ഒഴിവാക്കണം.
മഴക്കാറ് കാണുമ്പോൾ തുറസായ സ്ഥലത്തോ ടെറസിലോ കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കണം. ഇടിമിന്നലുള്ള സമയത്ത് കുളിക്കുകയോ ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്.
ജലാശയങ്ങളിൽ മീൻപിടിത്തം, കുളി, ബോട്ടിങ് തുടങ്ങിയവ ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം. കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നിർത്തി സുരക്ഷിതമായ കരയിലേക്ക് മാറണം. പട്ടം പറത്തുന്നതും ഉയർന്ന സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പുകളിലോ ഇരിക്കുന്നതും ഒഴിവാക്കണം.
ഇടിമിന്നലിൽ മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി നിലനിൽക്കില്ലെന്നും അതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുതെന്നും അധികൃതർ അറിയിച്ചു. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് നിർണായകമായതിനാൽ ഉടൻ വൈദ്യസഹായം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.



