മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയും കാമുകനും സുഹൃത്തും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോഹ്യാനഗർ സ്വദേശി താലിബ് (30) ആണ് മരിച്ചത്. താലിബിന്റെ ഭാര്യയും ബ്യൂട്ടീഷനുമായ ഇൽമ (27) ആണ് പിടിയിലായത്. ഇൽമയുടെ കാമുകൻ അമനും ഇയാളുടെ സുഹൃത്തും കൊലപാതകത്തിൽ പങ്കെടുത്തതായും പൊലീസ് അറിയിച്ചു.
താലിബിന്റെ മരണത്തിന് പിന്നാലെ ഇൽമ ഇയാളുടെ മൊബൈൽ ഫോൺ ഒളിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ബന്ധുവായ റയീസ് വസ്ത്രങ്ങൾക്കിടയിൽനിന്ന് ഫോൺ കണ്ടെത്തി. ഫോൺ പരിശോധിച്ചപ്പോൾ അമനും താലിബും തമ്മിലുള്ള ചില ചാറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. ഭാര്യയോട് സംസാരിക്കരുതെന്ന് താലിബ് അമനോട് ആവശ്യപ്പെട്ടിരുന്നതായി ചാറ്റുകളിൽനിന്ന് വ്യക്തമായി. തുടർന്ന് ബന്ധുക്കൾ ഇൽമയെ ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. പിന്നാലെ ഇൽമയെ പൊലീസിന് കൈമാറി.
നാലുവർഷം മുമ്പാണ് താലിബും ഇൽമയും വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. ഇതിനിടെ ഇൽമയും അമനും തമ്മിൽ അടുപ്പത്തിലായി. ഇക്കാര്യം താലിബ് അറിഞ്ഞിരുന്നു. സെപ്റ്റംബർ 28ന് താലിബ് ഭാര്യയെ മർദിച്ചതിന് പിന്നാലെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്.
ഇൽമയുടെ വിളിപ്പിനെ തുടർന്ന് അമൻ സുഹൃത്തിനൊപ്പം വീട്ടിലെത്തി. തുടർന്ന് മൂവരും ചേർന്ന് താലിബിനെ മർദിക്കുകയും അമൻ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാനും പ്രതികൾ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. താലിബിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു.




