എറണാകുളം: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ (എൻഎഡി) ജീവനക്കാരനെതിരെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എൻഎഡിയിലെ ലീഡിങ് ഫയർമാൻ എം.വി. ജിജിത്തിനെതിരെയാണ് നടപടി.
എൻഎഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയർ ഡിസൈൻ ഓഫിസറുമായ മുഹമ്മദ് അഷ്റഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്നാണ് പരാതി. എൻഎഡി ഡപ്യൂട്ടി ജനറൽ മാനേജർ ബി. ലക്ഷ്മി പ്രസന്നകുമാർ ജനുവരി 12ന് റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഏകദേശം ഒരു വർഷം മുമ്പാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. വ്യാജ നിയമന ഉത്തരവുമായി ഒരാൾ എൻഎഡിയിൽ ജോലിക്കായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജിജിത്ത് നിലവിൽ സസ്പെൻഷനിലാണ്. ജിജിത്തിനെയും വ്യാജ നിയമന ഉത്തരവ് കൈപ്പറ്റിയ വ്യക്തിയെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എടത്തല എസ്ഐ എസ്.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.



