മുംബൈ: പ്രമുഖ ഹോട്ടലിൽ നിന്ന് വാങ്ങിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്. പരാതി വ്യാജമാണെന്നും ഇതിന്റെ മറവിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം നടന്നെന്നുമാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ രണ്ട് യുവതികളെ മുംബൈ ബോറിവാലി പൊലീസ് അറസ്റ്റ് ചെയ്തു.
ബോറിവാലി വെസ്റ്റിലെ രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവം. ഇവിടെ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി ദോശയിൽ ചെറിയ എലിയെ കണ്ടെത്തിയതായി പരാതി നൽകിയിരുന്നു. ദോശ കഴിച്ചതിന് പിന്നാലെ പലതവണ ഛർദ്ദിച്ചെന്നും ഇയാൾ പൊലീസിനും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നത്. അമിത് ത്രിവേദിയുടെ പ്രതിനിധികളാണെന്ന് പറഞ്ഞെത്തിയ രണ്ട് സ്ത്രീകൾ കേസ് ഒത്തുതീർപ്പാക്കാൻ ഹോട്ടൽ ഉടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. പണം നൽകിയില്ലെങ്കിൽ ഹോട്ടൽ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉടമ പൊലീസിൽ പരാതിപ്പെട്ടു.
തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 308(2), 3(5) പ്രകാരം പൊലീസ് കേസെടുത്ത് രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. ദോശയിൽ എലി എങ്ങനെ എത്തിയെന്നതിലും പൊലീസ് അന്വേഷണം തുടരുകയാണ്. ഹോട്ടൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ, അതോ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മനഃപൂർവം എലിയെ ദോശയിൽ വച്ചതാണോ എന്നതും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അന്തിമ നിഗമനത്തിൽ പൊലീസ് എത്തിയിട്ടില്ല.




