തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മുഖാമുഖം ഇന്ന് നടക്കും. അഭിമുഖത്തിൽ രണ്ട് പേരെ കൂടി ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വീണ്ടും മുഖാമുഖം നടത്തുന്നത്. എറണാകുളം സ്വദേശികളായ ടി.എസ്. വിഷ്ണു നമ്പൂതിരി, ടി.പി. ഹരിനമ്പൂതിരി എന്നിവരെ കൂടി അഭിമുഖത്തിൽ പങ്കെടുപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും രണ്ട് അംഗങ്ങളും, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകനും, ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തനും കണ്ഠര് മഹേഷ് മോഹനരും, പന്തളം കൊട്ടാരം നിർദേശിച്ച പ്രതിനിധിയും ഉൾപ്പെടുന്നതാണ് അഭിമുഖ സമിതി.
കഴിഞ്ഞ ദിവസം നടന്ന മുഖാമുഖത്തിൽ പങ്കെടുത്ത അഞ്ച് പേരും അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നു. പുതിയ രണ്ട് പേരെ കൂടി ഉൾപ്പെടുത്തി നടത്തുന്ന ഇന്നത്തെ മുഖാമുഖത്തിന് ശേഷം അന്തിമ നടപടികളിലേക്ക് കടക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം 18ന് നടക്കും.


