ചെന്നൈ: തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതിക്ക് മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ പേര് നൽകിയതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചർച്ച. പദ്ധതി ‘പെരുന്തലൈവർ കാമരാജർ ബ്രേക്ക്ഫാസ്റ്റ് സ്കീം’ എന്ന് പുനർനാമകരണം ചെയ്ത നടപടി രാഷ്ട്രീയമായി ശ്രദ്ധേയമാണെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബർ 22നാണ് പദ്ധതിയുടെ പേര് മാറ്റി തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയത്. 2022ൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണ് ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികൾക്കായി പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചത്. പിന്നീട് ടിവികെ സർക്കാർ അധികാരത്തിലെത്തിയ ശേഷം ജൂലൈ 15ന്, കാമരാജിന്റെ ജന്മദിനത്തിൽ, പദ്ധതി ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും വ്യാപിപ്പിച്ചിരുന്നു.
സ്കൂൾ കുട്ടികൾക്കായി ഉച്ചഭക്ഷണ പദ്ധതി വിപുലീകരിച്ച കാമരാജിന്റെ വിദ്യാഭ്യാസ-ക്ഷേമ പ്രവർത്തനങ്ങളുടെ പാരമ്പര്യം ഉയർത്തിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പേര് പദ്ധതിക്ക് നൽകിയതെന്നാണ് സർക്കാർ നിലപാട്.
അതേസമയം, കാമരാജിന്റെ പേര് ഉപയോഗിച്ച് നാടാർ സമുദായത്തിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമായും ഇതിനെ ചില രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, വിരുദുനഗർ തുടങ്ങിയ തെക്കൻ ജില്ലകളിൽ നാടാർ സമുദായത്തിന് ശക്തമായ സ്വാധീനമുണ്ട്.
ദ്രാവിഡ പാർട്ടികൾക്ക് പുറത്ത് സ്വന്തം രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടി.വി.കെ നീക്കത്തെ ചിലർ വിലയിരുത്തുന്നത്. കാമരാജിന്റെ അഴിമതിരഹിത ഭരണത്തിന്റെ പ്രതിച്ഛായയും കോൺഗ്രസ് പാരമ്പര്യവും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും വിലയിരുത്തലുണ്ട്.
അതേസമയം, കാമരാജിന്റെ പാരമ്പര്യം ദേശീയ തലത്തിൽ ഒബിസി വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള പ്രതീകമായി ഉപയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാമരാജിന്റെ പ്രതിച്ഛായയെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതോടെ കാമരാജിന്റെ പാരമ്പര്യം തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ വീണ്ടും പ്രധാന ചർച്ചാവിഷയമാകുകയാണ്.



