ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്നാരോപിച്ച് എസ്. ദിനേശാണ് ഹർജി നൽകിയത്. ഏകദേശം 30 കോടി രൂപ മൂല്യമുള്ള ഒരു വസ്തുവിന്റെ വിവരങ്ങൾ വിജയ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
വാദത്തിനിടെ ഹർജിക്കാരനോട് കോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചു. ഏകദേശം 600 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തിയ ഒരാൾ 30 കോടി രൂപയുടെ സ്വത്ത് വിവരങ്ങൾ മാത്രം വിട്ടുപോയെന്ന കാരണത്താൽ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ തീരുമാനിച്ച വോട്ടറുടെ നിലപാട് മാറുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
600 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തിയ സാഹചര്യത്തിൽ 30 കോടി രൂപയുടെ സ്വത്ത് പൂർണമായി വെളിപ്പെടുത്താത്തത് അഴിമതിയായി കണക്കാക്കാനാകുമോ എന്നും കോടതി ചോദിച്ചു.
അതേസമയം, ഹർജിക്കാരൻ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 81 പാലിച്ചിട്ടില്ലെന്ന് വിജയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. ഹർജി നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അതിനാൽ പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുപക്ഷത്തിന്റെയും വാദം പൂർത്തിയായതിനെ തുടർന്നാണ് കേസ് വിധി പറയുന്നതിനായി ബുധനാഴ്ചത്തേക്ക് മാറ്റിയത്.




