തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. അപേക്ഷാ നടപടികളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ഇവിടെനിന്ന് സേവനം ലഭ്യമാകും.
അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി നേരത്തെ അധികമായി സമർപ്പിക്കേണ്ടിയിരുന്ന ഡിക്ലറേഷൻ ഫോം ഒഴിവാക്കിയിട്ടുണ്ട്. ഇനി അപേക്ഷകർ സിറ്റിസൺ സർവീസ് പോർട്ടൽ വഴിയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയോ ഫോം 6 മാത്രം ഓൺലൈനായി സമർപ്പിച്ചാൽ മതിയാകും.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 12 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് നൽകുന്നവർ, അതിനുപുറമെ നിർദേശിച്ചിട്ടുള്ള 11 രേഖകളിൽ മറ്റൊന്ന് കൂടി സമർപ്പിക്കേണ്ടതുണ്ട്.
യുവവോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ‘ക്യാംപസ് ടു ബൂത്ത്’ എന്ന പേരിലും പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കും. നവംബർ 2 മുതൽ ഒരാഴ്ചത്തേക്കാണ് ക്യാംപസുകൾ കേന്ദ്രീകരിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് നടക്കുക.
‘Step Forward, Get Counted’ (മുന്നോട്ട് വരൂ, വോട്ടർ പട്ടികയിൽ ഇടം നേടൂ) എന്ന സന്ദേശമുയർത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്യാംപയിൻ നടത്തുന്നത്.



