തിരുവനന്തപുരം: അയ്യപ്പഭക്തരുമായി വാക്കേറ്റമുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. പമ്പയിൽ നിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ RPC 694 ബസിലെ കണ്ടക്ടർ എം.ആർ. രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ടക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാക്കേറ്റത്തെ തുടർന്ന് ബസ് ഏറെ നേരം വഴിയിൽ നിർത്തിയിട്ടിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി അറിയിച്ചു. തീർത്ഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


