ശരീരത്തിന് ജലം ആവശ്യമാണെന്നതിൻ്റെ ഒരു പ്രധാന സൂചനയാണ് ദാഹം. ദാഹം തോന്നിയിട്ടും വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിൽ ജലാംശം കുറയാൻ കാരണമാകും. ജീവനും ആരോഗ്യവും നിലനിർത്താൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യവുമാണ്. എന്നാൽ വയർ നിറയും വരെ വെള്ളം കുടിക്കേണ്ടതുണ്ടോ? ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. പകരം ദിവസം മുഴുവൻ ആവശ്യത്തിന് അനുസരിച്ച് ചെറിയ അളവുകളായി വെള്ളം കുടിക്കാം. ശരീരത്തിന് ആവശ്യമായ വെള്ളം ക്രമേണ ലഭിക്കുന്നതാണ് കൂടുതൽ പ്രായോഗികം.
രാത്രി ഉറക്കത്തിനിടെ മണിക്കൂറുകളോളം വെള്ളം കുടിക്കാത്തതിനാൽ രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. എന്നാൽ രാവിലെ തന്നെ ലിറ്റർ കണക്കിന് വെള്ളം കുടിക്കേണ്ട ആവശ്യമില്ല. ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത് നല്ലതല്ലെന്ന് കരുതുന്നവരുണ്ട്. എന്നാൽ ആവശ്യമെങ്കിൽ ഭക്ഷണത്തിനിടയിലും വെള്ളം കുടിക്കാം. പക്ഷേ ഭക്ഷണത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നതിനു പകരം ആവശ്യത്തിന് മാത്രം കുടിക്കുന്നതാണ് നല്ലത്.
നടത്തം, ഓട്ടം, ജിമ്മിലെ വ്യായാമം തുടങ്ങിയവ ചെയ്യുമ്പോൾ വിയർപ്പിലൂടെ ജലാംശം നഷ്ടപ്പെടാം. അതുകൊണ്ട് വ്യായാമത്തിന് മുമ്പും ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരത്തിൽ മതിയായ അളവിൽ ജലാംശം ഉണ്ടോയെന്ന് മൂത്രത്തിൻ്റെ നിറം നോക്കി മനസ്സിലാക്കാം. സാധാരണയായി ഇളം മഞ്ഞ നിറത്തിലുള്ള മൂത്രം ജലാംശം കുറവാണെന്നതിന്റെ സൂചനയാണ്.


