കൊച്ചി: ആലുവ പെരിയാറിൽ നിന്ന് അനധികൃതമായി മണൽ വാരിക്കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പിൽ റിഷാദ് (36) ആണ് പിടിയിലായത്. മണൽ കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയാണ് ഇയാൾ.
വാഹനത്തിന്റെ ഡ്രൈവറായ തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ ധനേഷ് മുരളീധരനെ (38) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ ഏഴ് കേസുകളിൽ റിഷാദ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് പെരിയാറിൽ നിന്ന് മണൽ വാരിക്കടത്തുകയായിരുന്ന വാഹനം പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മഹിളാലയം പാലത്തിന് സമീപത്തുനിന്നാണ് മണലുമായി എത്തിയ വാഹനം പിടികൂടിയത്. മണൽ ലോഡ് കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.ഐ. രഞ്ജിത്ത് മാത്യു, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് ഷാഹിൻ, ഷിബിൻ തോമസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ റിഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനധികൃത മണൽ വാരലിനും കടത്തിനുമെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.



