തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ ലോക്കൽ കമ്മിറ്റി (എൽസി) സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി നൽകി. രവീന്ദ്രനെ സിഐടിയു ഏരിയ കൺവീനറായി നിയമിച്ചു. ഇതിനെതിരെ വിഷ്ണുവിന്റെ കുടുംബം പാർട്ടിക്ക് പരാതി നൽകി.
രവീന്ദ്രന് ചുമതല നൽകുന്നതിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സിഐടിയു ഏരിയ സമ്മേളനം മാറ്റിവെച്ചിരുന്നു. വി. ശിവൻകുട്ടിയുടെ സമ്മർദത്തെ തുടർന്നാണ് രവീന്ദ്രന് പദവി നൽകിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രവീന്ദ്രനെ പാർട്ടി നേതൃത്വം സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് വിഷ്ണുവിന്റെ സഹോദരൻ വിനോദ് നേരത്തെ പാർട്ടി വിട്ടിരുന്നു.
സിപിഎമ്മിന്റെ വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു 2008 ഏപ്രിൽ ഒന്നിനാണ് തിരുവനന്തപുരം കൈതമുക്കിൽ കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ 2022ൽ ഹൈക്കോടതി വെറുതെവിട്ടിരുന്നു.
വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി വഞ്ചിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം പിരിച്ചിരുന്നു. ആകെ 10 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഇതിൽ അഞ്ച് ലക്ഷം രൂപ ലോക്കൽ സെക്രട്ടറി സ്വന്തം നിലയിൽ പിൻവലിച്ചെന്ന പരാതി വർഷങ്ങൾക്കുശേഷമാണ് ഉയർന്നത്.
സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തുകയും രവീന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, നടപടി നേരിട്ട നേതാവിന് വീണ്ടും പാർട്ടി പദവി നൽകിയതിനെതിരെയാണ് ഇപ്പോൾ വിഷ്ണുവിന്റെ കുടുംബം പരാതി നൽകിയിരിക്കുന്നത്.



